
ദോഹ:മധുരപാനീയങ്ങളുടെ രജിസ്ട്രേഷനായി ആവശ്യമായ അനാലിസിസ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ 'ധരീബ' (Dhareeba) പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി അംഗീകരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു. 2026 നവംബർ 1 മുതലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതുമായ ലബോറട്ടറികളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതോടെ സർട്ടിഫിക്കറ്റുകൾ മാനുവലായി അറ്റാച്ച് ചെയ്യേണ്ട ആവശ്യം ഒഴിവാകും.നികുതിദായകർ (Taxpayer) ഉൽപ്പന്ന രജിസ്ട്രേഷൻ അപേക്ഷ ധരീബ പ്ലാറ്റ്ഫോം വഴി സമർപ്പിക്കണം.
തുടർന്ന്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും മധുരവർദ്ധകങ്ങളുടെയും (Sugar & Sweeteners) അളവും തരവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ അംഗീകൃത ലബോറട്ടറികളിൽ ഒന്നിൽ എത്തിക്കണം.
പരിശോധന പൂർത്തിയാക്കി ലബോറട്ടറി ഫലങ്ങൾ അംഗീകരിച്ചു കഴിഞ്ഞാൽ, അനാലിസിസ് സർട്ടിഫിക്കറ്റും അനുബന്ധ ഡാറ്റയും സ്വയം ധരീബ പ്ലാറ്റ്ഫോമിലേക്ക് ലഭ്യമാകും.
പരിശോധനാ ഫലങ്ങൾ നേരിട്ട് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത് വഴി രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാകുകയും, മാനുവൽ ജോലികൾ കുറയുകയും, വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും സാധിക്കും.മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതിയുടെ പരിധി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ സംയോജനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള ഇലക്ട്രോണിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.











